കൂടുവെയ്ക്കാൻ കൊതികൊണ്ടൂ ഏതോ കൂട്ടിൽ വളർന്നൊരു പക്ഷി റാഗിപ്പറന്നെങ്ങുമെത്തി ചണനാരുവയ്ക്കോലതു തേടി കണ്ടതെല്ലാം തനിക്കെന്നേ കിളിപ്പെണ്ണും കരുതിയിരുന്നോ ഒന്നും തനിക്കുള്ളതല്ലെന്നുള്ളം പൊള്ളിയിരുന്നവൾ കേട്ടു... (കൂടുവെയ്ക്കാൻ...)
നുള്ളിയുണർത്തുന്ന മഞ്ഞിൻ വെള്ളിപ്പാളി തുറന്നൊന്നു നോക്കി ആരിവൻ വന്മരക്കൊമ്പിൽ ഈറൻ നൂലിഴ നൂറ്റിരിക്കുന്നു തൊട്ടുവന്നൊട്ടിയിരുന്നാൽ കണ്ണിൽ കാതരമാം കഥ കണ്ടു തമ്മിൽ പടർന്നേറെ മോഹം പ്രേമം ഇന്ദ്രനീലം തിളങ്ങുന്നോ...
കേട്ടു തുടങ്ങിയെപ്പോഴോ തുടു ജീവന്റെ സ്വർണ്ണക്കിലുക്കം കെട്ടിയുയർത്തി വാനോളം മുട്ടെ സ്വപ്നസൗധത്തിൻ കിരീടം പിന്നൊരു നാളിൽ വിദൂരം പുക പൊന്തിപ്പരന്ന സംഭീതി ചുട്ടെരിക്കാൻ വന്നതാണോ കടൽ കാട്ടുതീയായതുമാണോ ഇല്ല ഭയന്നൊളിച്ചില്ല നമ്മൾ അഗ്നിച്ചിറകുള്ള കിളികൾ ചാവേർ കഴിഞ്ഞു മടങ്ങാം കനൽ ചാരം കുടഞ്ഞു പറക്കാം മാടിവിളിക്കുന്നതുണ്ടു് താഴെ പച്ചയുടുത്ത പാടങ്ങൾ ഓർത്തുപോകുന്നതു കാണ്‍കെ നാം ഓമനിക്കാറുള്ള സ്വർഗ്ഗം ഭൂമിയിലെങ്ങാനുമുണ്ടോ തുള്ളി കണ്ണുനീർ വീഴാത്ത മണ്ണു്....