Kanmanippoove

2025
Lyrics
Language: Malayalam

ചെമ്പഴുക്ക തൊണ്ടെടുത്ത്
അമ്പലം കൂട്ടുന്നതാര്

ചെമ്പരത്തി കമ്പു കൊണ്ട്
അമ്പുകുലയ്ക്കണതാര്

അങ്ങുതൊട്ടേ ഇങ്ങുതൊട്ടേ
അക്കുത്തിക്കുത്തോടുമാനാ

തൂവെളിച്ചം ചാറിവീണ്
മാമല ഞാനൊന്ന് കണ്ടേ
ചെന്തമിഴിൻ തേൻ കുടഞ്ഞേ
പൂങ്കുയിൽ പാടുന്ന കേട്ടേ

എന്തൊര് ചേലാണ്
നെഞ്ചില് നേരാണ്
എന്റെ കിനാവാണ്
എന്തിനും നീയാണ്

കൺമണിപ്പൂവേ കണ്ണാടിപ്പൂവേ കണിപ്പൂവേ
മുറ്റമിതാകേ പൂത്തു നിന്നാട്ടേ

പുഞ്ചിരിക്കാറ്റേ പാറും പൂമ്പാറ്റേ കുരുന്നാറ്റേ
ചക്കരമാവിൽ ചാഞ്ഞിരുന്നാട്ടേ

കിളിപ്പൂമകളേ നീയലിയും പൂന്തണലാണ്
ഇലക്കുമ്പിളിലായ് പെയ്തുതരും തേൻകുടമാണ്
അലിവോടെ തൊടും സാന്ത്വനമാണ്

ഇതിലെ വാ ഇതിലെ വാ കനവിലേ ചിറകുമായ്
പകലിലേ വഴികളിൽ വെയിലുപോലലയുവാൻ

മുറ്റത്തൊരുകോണിൽ പച്ചപ്പനമ്പായിൽ
ഇഷ്ടക്കുറുമ്പോടേ ചേർന്നിരിക്കാം

മുത്തുക്കലമാനേ തെറ്റിപ്പിണങ്ങാതേ
മുത്തും മിഴിയോടേ ഞാനിരിക്കാം

ഒരു ദളംപോലേ ഇരു മനം ചേരും
മണിക്കുഞ്ഞോളങ്ങൾ മഴവില്ലായ് മാറും

ഇമചിമ്മാവാനം ഇതു കണ്ടേ നിൽക്കും
മണിക്കുടിലിൻ ചുമരുകളിൽ
നിറം കുടഞ്ഞൊന്നു ചിരിയ്ക്കും

എന്തൊരു ചേലാണ്
നെഞ്ചില് നേരാണ്

കന്നിപ്പകലോനോ മിന്നി പ്പറന്നീടാൻ
വെള്ളിച്ചെറുമേഘം തേരൊരുക്കീ

പമ്മിച്ചിണുങ്ങീടും ചെല്ലച്ചെറുകൂട്ടം
ഒന്നിച്ചതിൽ നാട്ടുപാതയേറി

ഒരു തമിഴ്ക്കാലം സ്മൃതി തൊടും നേരം
ഇടനെഞ്ചോരം നിൻ മിടിപ്പെന്തേ കൂടും

അതിരില്ലാതൻപിൻ
മഴ മെല്ലെ ചാറും

ഇളം വെയിലോ വഴിയരികിൽ
മിഴിയിറുക്കിച്ചെന്നൊളിക്കും

എന്തൊരു ചേലാണ്
നെഞ്ചില് നേരാണ്
എന്റെ കിനാവാണ്
എന്തിനും നീയാണ്
Movie/Album name: Thudarum
Artists