രാത്തിങ്കൾപൂത്താലി ചാർത്തി കണ്ണിൽ നക്ഷത്രനിറദീപം നീട്ടി നാലില്ലക്കോലായിൽ പൂവേളിപ്പുല്‍പ്പായിൽ നവമിനിലാവേ നീ വിരിഞ്ഞു - നെഞ്ചിൽ നറുജപതീർത്ഥമായ് നീ നിറഞ്ഞു
പാഴിരുൾ വീഴുമീ നാലുകെട്ടിൽ - നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ് നോവുകൾ മാറാല മൂടും മനസ്സിന്റെ മച്ചിലെ ശ്രീദേവിയായി മംഗലപ്പാലയിൽ മലർക്കുടമായ് മണിനാഗക്കാവിലെ മൺവിളക്കായ്
കാവടിയാടുമീ കൺതടവും - നിന്റെ കസ്തൂരി ചോരുമീ കവിളിണയും മാറിലെ മാലേയ മധുചന്ദ്രനും നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി താമരപ്പൂവിരൽ നീ തൊടുമ്പോൾ തരളമെൻ സ്വപ്നവും തനിത്തങ്കമായ്