Oru Ormmathan

1982
Lyrics
Language: Malayalam

ജോസഫ് ഒരോർമ്മ തൻ ക്രൂരമാം സൗഹൃദം
ശ്വാസനാളം കേറുമന്ധവേഗങ്ങളിൽ
കുംഭഭാരത്തിന്റെ ബോധക്ഷയങ്ങളിൽ
നിന്റെ നക്ഷത്രമുദിക്കുന്നു പിന്നെയും
ഞാനറിയുന്നു ഞാനറിയുന്നു
തുറുങ്കു ഭേദിച്ചു നിൻ സ്നേഹപ്രവാഹം
സമുദ്രസംഗീതമായ് മാറുന്നതും
വന്ധ്യകാലങ്ങളിൽ തണൽ വീശുന്ന നിന്റെ
ബലിഷ്ഠമാം ചില്ലകൾ തോറും
കൊടുങ്കാറ്റു കൂടുവെയ്ക്കുന്നതും
ജോസഫ് ,നിനക്കറിയില്ലെന്റെ ജാതകം
ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂ-
ടാർത്തനാദം പോലെ പായുന്ന ജീവിതം
ആശ്വാസമറ്റ മഹാസൗഹൃദത്തിന്റെ
വേശ്യാലയത്തിലീ നിത്യസന്ദർശകൻ
പൊട്ടിച്ചിരിക്കുന്നതിൻ മുൻപിൽ ആത്മാവ് കെട്ട്
മുഖം കോടി വീഴുന്നു നിദ്രയിൽ
രണ്ടു സംഭാഷണം മാത്രം...
രണ്ടു സംഭാഷണം മാത്രം ..
തിരശീല പൊന്തുന്നതിൻ മുൻപ് തീരുന്നു നാടകം
ഞാൻ നിന്നെ സ്നേഹിക്കുന്നു... പ്ഭ
ബീഡിക്കറയും കരിഞ്ഞ ഹൃദയത്തിലൂറുന്ന സ്നേഹത്തിലും
കൊടും കയ്പ്പാണ്
കീറിപ്പറിഞ്ഞൊരെൻ ചുണ്ടിന്റെ ചുംബനം പോലും
കഠാര തൻ കുത്തലാണെങ്കിലും
ആരോ വരാനായ് തുറന്നു വെയ്ക്കാറുണ്ട് വാതിൽ
വരികില്ലൊരിക്കലുമെങ്കിലും
ലോറിക്കടിപ്പെട്ടരഞ്ഞ കുഞ്ഞുങ്ങൾ
വന്നൂതിക്കെടുത്തുന്നു പാതവിളക്കുകൾ
മന്ത്രങ്ങളും പരേതാത്മാക്കളും നിറച്ചന്ധകാരത്തിന്റെ തീവണ്ടിയെത്തുന്നു
ദൂരെ നിന്നേതോ മരണമകുടി തൻ ഭീകരസംഗീതപീഢയിൽ
നാഡികളൂരിയിഴഞ്ഞു തെരുവിലേക്കോടുന്നു വാടകക്കാർ
വിഷം തിന്നു മരിച്ചൊരു ഭൂതകാലത്തിൻ സ്മരണാലയങ്ങളിൽ
കൊട്ടിത്തുറക്കുന്നു ഞാൻ
മുഴുഭ്രാന്തിന്റെ കത്തും ജനാലകൾ
നട്ടുച്ചനേരത്ത് കൂട്ടക്കരച്ചിലിൻ
പ്രേതസഞ്ചാരങ്ങളെത്തുന്നു
ചാമ്പലും എല്ലും ജലവുമായ്
ജോസഫ്, പൊറുക്കുക നാം തമ്മിലിത്ര മാത്രം
കുരിശേറുന്ന മർത്ത്യന്റെ കത്തിപ്പടരുന്ന രക്തമാകുന്നു നീ
പുത്രൻ മടിയിൽ മരിക്കൊന്നരമ്മ തൻ
ഇറ്റിറ്റു വീഴുന്ന കണ്ണുനീരാണ് ഞാൻ
നീരറ്റ മണ്ണിന്റെ നിത്യദാഹങ്ങളിൽ
തോരാതെ പെയ്യുന്ന വർഷമാകുന്നു നീ
വേദന തൻ കാളമേഘത്തിൽ നിന്നെത്തി
ഭൂമി പൊള്ളിക്കുന്ന കൊള്ളിയാനാണ് ഞാൻ
Movie/Album name: Pokkuveyil
Artists