Kutti Karichu

2005
Lyrics
Language: Malayalam

കുറ്റി കരിച്ചു കിളച്ചു മറിച്ചതും
വിത്തു വിതച്ചതും വേള പറിച്ചതും
ഞാനേ കീഴാളൻ
കന്നിമണ്ണിന്റെ ചേലാളൻ

തേവി നനച്ചതും കൊയ്തു മെതിച്ചതും
മോതിരക്കറ്റ മുഖപ്പുറം വെച്ചിട്ട്
കാടി കുടിച്ചു വരമ്പായ് കിടന്നതും
ഞാനേ കീഴാളൻ
പുതുനെല്ലിന്റെ കൂട്ടാളൻ

ചേറു ചവിട്ടിക്കുഴച്ചു ചതുരത്തിൽ
സൂര്യനെ കാണിച്ചുണക്കിയടുക്കി
തീകൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം
തോളിലെടുത്തു നടന്നു തളർന്നതും
ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
ചന്തവും ചാലിച്ചു വീടു പണിഞ്ഞിട്ട്
ആകാശക്കൂരയിലന്തിയെരിച്ചതും
ഞാനേ കീഴാളൻ
നെടുന്തൂണിന്റെ കാലാളൻ

കട്ടമരത്തിൽ കടലിൽ കഴുത്തേറി
കഷ്ടകാലത്തിന്റെ കൊല്ലിവല വീശി
പൂവാലൻ ചെമ്മീനും മത്തിയും മക്കളും
തീരത്തു നേദിച്ചു നേരമിരുണ്ടപ്പോൾ
പൂളക്കിഴങ്ങ് വിഴുങ്ങിത്തുലയ്ക്കുവാൻ
ചാളക്കറിക്ക് കൊതിച്ചു കയർത്തതും
ഞാനേ കീഴാളൻ
കൊടുങ്കാറ്റിന്റെ തേരാളൻ

കൺതടം കുത്തി കുരുപ്പരുത്തി നട്ട്
പഞ്ഞിക്കാ പൊട്ടിച്ചു തക്ലി കൊരുത്തിട്ട്
ആദിത്യരശ്മി പോലംബര നൂലിട്ട്
രാപകലില്ലാതെ ഓമൽതറിയോട്
മല്ലിട്ടു തുല്ലിട്ടുടയാട നെയ്തതും
നെഞ്ചുമറയ്ക്കാതെ ശീതത്തീ തിന്നതും
ഞാനേ കീഴാളൻ
ഉടുമുണ്ടിന്റെ നെയ്ത്താളൻ

ചന്ദനം കണ്ടതും കൊത്തി മണത്തതും
വെട്ടി മറിച്ചു പുറന്തോടു ചെത്തീട്ട്
ആനയും വ്യാളിയും സർപ്പവും സിംഹവും
പത്തവതാരവും കൊത്തി പൊലിപ്പിച്ച്
കട്ടിൽ കടഞ്ഞതും തൊങ്ങലു വെച്ചതും
കല്ല്യാണതമ്പ്രാനും തമ്പ്രാട്ടികുഞ്ഞിനും
കന്നിരാവത്തു ചിരിച്ചു കളിക്കുവാൻ
കാണിക്ക വെച്ചിട്ട്
മാടത്തിന്മുറ്റത്ത് പൂഴിക്കിടക്കയിൽ
ഓല വിരിപ്പിന്മേൽ
നക്ഷത്രം നോക്കി നശിച്ചു കിടന്നതും
ഞാനേ കീഴാളൻ
മുൾമരത്തിന്റെ വേരാളൻ

കായൽക്കയങ്ങളിൽ മാലുകൊരുത്തിട്ട്
തൊണ്ടു കുതിർത്തതും പോളയുരിഞ്ഞതും
റാട്ടുകറക്കീട്ട് പൊൻ താരു നൂറ്റതും
ചില്ലിക്കു വിറ്റ് ചെലവിനും പോരാഞ്ഞ്
ചെല്ലക്കയറിൽ കുരുക്കിട്ടൊടുങ്ങിയോൻ
ഞാനേ കീഴാളൻ
കരിമണ്ണിന്റെയൂരാളൻ

പാർട്ടിയാപ്പീസിന്റെ നെറ്റിയിൽ കെട്ടുവാൻ
രാത്രിയിൽ ചോരക്കിനാക്കൊടി തുന്നിയും
നെഞ്ചോടു ചേർത്ത് കരഞ്ഞും ഞെളിഞ്ഞും
സങ്കടത്തീക്കനൽ തൊണ്ടയിൽ വച്ചിട്ട്
പിന്നിൽ നടന്നതും
താണു ഞെരിഞ്ഞതും
പിന്നെ കിനാവിൻ കലപ്പ നാക്കായ് വന്നു
മണ്ണു തെളിച്ചു വിയർത്തു കിതച്ചതും
ഞാനേ കീഴാളൻ
കൊടിക്കമ്പിന്റെ നാക്കാളൻ

കല്ലരിക്കഞ്ഞിയിൽ വെണ്ണിലാവുപ്പിട്ട്
കണ്ണെത്താക്കാവിലെ കാലനെ ചാറ്റീട്ട്
വോട്ടുപത്തായക്കുരുക്കിൽ കുനിഞ്ഞിരു-
ന്നാശയ്ക്കു വിത്തിട്ട് പോഴത്തമാക്കീട്ട്
പുട്ടിലും തട്ടി പുറം തിരിഞ്ഞോടുന്ന
ചൊക്കന്റെ പിന്നാലെ ആളും മനസ്സുമായ്
തീപിടിക്കുന്ന വിളഞ്ഞപാടം പോലെ
നായ്ക്കുട്ടി തട്ടിയുടച്ച കുടം പോലെ
വീണേ കീഴാളൻ
കണ്ണുനീരിന്റെ നേരാളൻ
Movie/Album name: Chithariyavar
Artists